തൊടുപുഴ-മദ്യപിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരനായ യുവാവിനെ മദ്യപിച്ചെന്ന് പേരില്‍ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചത് വിവാദമായി. വൈദ്യ പരിശോധന നടത്തി ആരോപണം തെളിയിക്കാന്‍ യുവാവും വിവരമറിഞ്ഞെത്തിയ ഇയാളുടെ പിതാവും ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴ ഒടുക്കാതെ വിടില്ലെന്നായി പോലീസ്. പറ്റില്ലെന്ന് യുവാവും പിതാവും കര്‍ശന നിലപാട് എടുത്തതോടെ വിലാസം എഴുതിയെടുത്ത് പോലീസ് തടിതപ്പി.
രാവിലെ 11 മണിയോടെ കോലാനിയില്‍ വാഹന പരിശോധന നടക്കവെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പോലീസ് തടഞ്ഞു നിര്‍ത്തി. ഹൈല്‍മറ്റ് ധരിച്ചിട്ടുണ്ട്. വാഹനത്തിന്റെ രേഖകളും കൃത്യം.
തുടര്‍ന്ന് ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. അതില്‍ നിന്നും ബിപ്പ് ശബ്ദം കേട്ടതോടെ മദ്യപിച്ചിട്ടുണ്ടെന്നായി പോലീസ്. താന്‍ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. യുവാവിനെ തടഞ്ഞു വെച്ചു. വിവരമറിഞ്ഞ് പിതാവ് കാറില്‍ സ്ഥലത്ത് എത്തി. തന്നെയും ഊതിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴും കേള്‍ക്കുന്നു ബീപ്പ്. എന്നാല്‍ രണ്ടുപേരെയും വൈദ്യപരിശോധന നടത്തി ലഹരി സ്ഥിരീകരിക്കാന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും പോലീസ് സമ്മതിച്ചില്ല.
പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴയടക്കണമെന്നായി പോലീസ്. തെറ്റില്ലാത്ത സ്ഥിതിക്ക് പിഴയടക്കുന്ന പ്രശ്‌നമില്ലെന്ന് യുവാവും പിതാവും കട്ടായം പറഞ്ഞു. സംഗതി പന്തിയല്ലെന്ന് കണ്ടതോടെ യുവാവിന്റെ വിലാസം രേഖപ്പെടുത്തി പോലീസ് തലയൂരി.