തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ, കോട്ടയം പേരൂർ തെള്ളകംകരയിൽ കളപ്പുരക്കൽ വീട്ടിൽ ജോസ് കെ.സി( 42), കോട്ടയം തലയാഴം തോട്ടകം കരയിൽ തലപ്പള്ളിൽ വീട്ടിൽ ഗോപു(27), കൊല്ലം ജില്ലയിൽ ഓച്ചിറ വില്ലേജിൽ മഠത്തിൽ കാരായ്മ കരയിൽ കൃഷ്ണവിലാസം വീട്ടിൽ അതുൽ(27) എന്നിവരെ പത്ത് വർഷം കഠിന തടവിനും 100000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ജി.മഹേഷാണ് വിധി പ്രസ്താവിച്ചത്.
2020 ജൂൺ 17നാണ് കോട്ടയം കടുത്തുരുത്തി കുറുപ്പന്തറയിൽ വച്ച് ലോറിയിൽ 59.500 കി.ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്ന പ്രതികളെ പിടികൂടിയത്. കടുത്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന റെനീഷ് റ്റി. എസും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. കേസിൽ കടുത്തുരുത്തി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബിനു.ബി.എസ് കൂടുതൽ അന്വേഷണം നടത്തി.
കടുത്തുരുത്തി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഗോപകുമാർ.ജി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി.