തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്‌ടർ വന്ദന ദാസ്(23) കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിൻറെ അനാസ്ഥയാണ് സംഭവത്തിന് വഴിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നിട്ടുള്ളത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യമാണ് നിലവിൽ. അവരുടെ പരാതികൾ ഗവൺമെൻറ് പരിഗണിച്ചില്ല എന്നതിൻറെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. താനൂരിൽ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ 22 ജീവനുകൾ കവർന്നെടുത്തതിൻറെ ആഘാതം വിട്ടുമാറുന്നതിനു മുമ്പാണ് മനസ് മരവിപ്പിക്കുന്ന വാർത്തയെന്നും, ഇവരെ നിയന്ത്രിക്കുവാൻ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വർഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയിൽ പിണറായി വിജയൻ ഇരിക്കുകയാണെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.
ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു .ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടത്തിയ പ്രതി അധ്യാപകനാണെന്നും നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടർന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണെന്നും സുധാകരൻ പ്രതികരിച്ചു.
അതേസമയം പൊലീസിൻറെ ഗുരുതരമായ അനാസ്ഥയാണ് ഡോക്‌ടറുടെ മരണത്തിന് കാരണമെന്ന് കുറ്റപ്പെടുത്തി രമേശ് ചെന്നിത്തലയും രംഗത്തെത്തി. റിമാൻഡ് ചെയ്ത പ്രതികളെ കൊണ്ടുപോകുന്നതിന് ചില രീതികൾ ഉണ്ടെന്നും അത് ഇവിടെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പൊലീസിന് തന്നെ അപമാനകരമായ സംഭവമാണിത്. കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനോടകം നിരവധി പേരാണ് സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. സംഭവത്തിൻറെ ഗൗരവം കണക്കിലെടുത്ത് വേനലവധിക്കിടയിലും ഹൈക്കോടതി 1.45 ന് പ്രത്യേക സിറ്റിംഗ് വിളിച്ചിട്ടുണ്ട്.