കുമാരമംഗലം: റബറിന് 250 രൂപ തറവില ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. പ്രൊഫ. എം.ജെ ജേക്കബ്ബ് നയിക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ ആറാം ദിവസത്തെ പര്യടനം പാറത്തലക്കപ്പാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റബ്ബർ നാളികേരം , നെല്ല് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം, അഴിമതിക്ക് വേണ്ടി മാത്രമുള്ള സർക്കാരായി പിണറായി സർക്കാർ മാറിയെന്നും ഷിബു തെക്കുംപുറം പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.വി ജോസ് അധ്യക്ഷത വഹിച്ചു. ആദ്യകാല കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി വർക്കിയെ പാർട്ടി ഡപ്യൂട്ടി ചെയർമാനും മുൻ എം പി. യുമായ ഫ്രാൻസീസ് ജോർജ്ജ് ഷാൾ അണിയിച്ച് ആദരിച്ചു.
പ്രൊഫ.എം.ജെ ജേക്കബ്ബ്, ജോസഫ് ജോൺ ,ജോസി ജേക്കബ്ബ്, ഷീലാ സ്റ്റീഫൻ ,എം. മോനിച്ചൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, ബ്ലയ്സ് ജി വാഴയിൽ, ഫിലിപ്പ് ചേരിയിൽ, എം.ജെ കുര്യൻ, അഡ്വ. ഷൈൻ വടക്കേക്കര, വർഗ്ഗീസ് സക്കറിയ, സി.വി സുനിത, ബൈജു വറവുങ്കൽ, ജോസ് കാവാലം, സിബിൻ വർഗ്ഗീസ്, ജോർജ്ജ് ആനിക്കുടിയിൽ, ജോബി തീക്കുഴിവേലിൽ, രഞ്ചിത്ത് മണപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.