തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.പുരുഷോത്തമൻ മെമ്മോറിയൽ ഗോൾഡൻ ജ്വല്ലറി ഇരുപതാമത് സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലത്തെ 10നെതിരെ 12 ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. കോഴിക്കോട് മൂന്നാം സ്ഥാനവും ഇടുക്കി നാലാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചിനെതിരെ ആറു ഗോളുകൾക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. കൊല്ലം മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇടുക്കി ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി.അജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ മത്സര വിജയികൾക്ക് കുമാരമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സജി ചെമ്പകശ്ശേരി, സ്പോർട്സ് ആയുർവേദ ജില്ലാ കൺവീനർ ഡോ.വിനീത്.ആർ, സ്കൂൾ ഹെഡ്മാസ്റ്റർ സവിൻ.എസ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുധീർ.എസ്.എസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ജിബി പേരെപടൻ, ദേശീയ താരം ശിവപ്രസാദ്.എസ് എന്നിവർ മെഡൽ വിതരണം ചെയ്തു.
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി മലപ്പുറം ജില്ലയിലെ മുഹമ്മദ് നജാത്, പെൺകുട്ടികളുടെ വിഭാഗത്തിൽ ദേവനന്ദ രതീഷ് എന്നിവരെ തെരഞ്ഞെടുത്തു, ഇവർക്ക് സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ.സി.ടി, റഫറീസ് ബോർഡ് കൺവീനർ സിബി മാനുവൽ എന്നിവർ പുരസ്കാരം നൽകി. റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൻ ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.