കോഴിക്കോട്: സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോർപറേഷൻ കോവൂരിൽ നിർമിച്ച പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്‌ദുറഹ്‌മാന്റെയും പി കൃഷ്‌ണപിള്ളയുടെയും സംഭാവനകളെക്കുറിച്ച് അറിയാത്തവരാണ് ഇക്കൂട്ടർ.
സ്വാതന്ത്ര്യസമര ഘട്ടത്തിൽ ബ്രിട്ടീഷ് അനുകൂല നിലപാടാണ് അവർ ഉയർത്തിപ്പിടിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ സമരംചെയ്‌ത് സമയവും ആരോഗ്യവും കളയരുതെന്നാണ് യുവജനങ്ങളോട് ഗോൾവാൾക്കർ ഉപദേശിച്ചത്. ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നവരായി അവർ മാറി. തങ്ങൾക്ക് ഒരു പങ്കുമില്ലാത്തതിനാൽ സ്വാതന്ത്ര്യസമരത്തിന്റെ യഥാർഥ ചരിത്രം ആരും അറിയരുതെന്ന് അവർ ശഠിക്കുന്നു.
പാഠപുസ്‌തകത്തിൽനിന്ന് ഗാന്ധിയെ ഒഴിവാക്കുന്നു. ഗാന്ധിയെ പഠിക്കുമ്പോൾ ഗാന്ധിയെ കൊന്നതാരെന്നും ഗോഡ്‌സെ ആരെന്നും ആർഎസ്‌എസിനെ നിരോധിച്ചത് എന്തിനാണെന്നും പഠിക്കേണ്ടിവരും. അതവർക്ക് അസ്വസ്ഥതയുളവാക്കുന്ന യാഥാർഥ്യമാണ്. മുഗൾ ചരിത്രം പാടില്ല എന്നാണ് വാശി.
സ്വാതന്ത്ര്യസമരമേ നടന്നിട്ടില്ലെന്ന് പറയാനാണ് ശ്രമം. കേരളം വ്യത്യസ്‌ത നിലപാടാണ് സ്വീകരിക്കുന്നത്. പാടില്ലെന്ന് പറഞ്ഞ പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് കേരളം തീരുമാനിച്ചത്. യഥാർഥ ചരിത്രം നാടിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. മന്ത്രി അഹമ്മദ് ദേവർകോവിൽ, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എം കെ രാഘവൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ പ്രദീപ് കുമാർ, ടി പി ദാസൻ, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, ഒ പി ഷിജിന, എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർ ഇ സോമൻ എന്നിവർ സംസാരിച്ചു എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.