ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിന് തുടക്കമായി. സാമുദായിക സംഘർഷം ആളിക്കത്തുന്ന സാഹചര്യത്തിലാണ് രാഹുൽ സംസ്ഥാനത്തെത്തിയിരിക്കുന്നത്.
ഇംഫാലിൽ എത്തിയ രാഹുൽ ചുരാചന്ദ്പുരിലേക്ക് യാത്ര തിരിച്ചു. കലാപം മൂലം ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയവരുമായി കൂടിക്കാഴ്ച നടത്തുകയാണ് രാഹുലിൻറെ ലക്ഷ്യം. സാമൂഹ്യ സംഘടനാ പ്രതിനിധികളുമായും രാഹുൽ ചർച്ച നടത്തും. സംസ്ഥാനത്ത് വിവിധയിടങ്ങളിലായുള്ള 300 ക്യാംപുകളിലായി 50,000 പേരെയാണ് അഭയം തേടിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ആക്രമണം തുടരുകയാണ്. പലയിടത്തും സൈനികർക്കെതിരേയും ബിജെപി നേതാക്കളുടെ വീടുകൾക്കെതിരേയും അക്രമികൾ തിരിഞ്ഞിരുന്നു.
സംസ്ഥാനം കലാപത്തിൽ വെന്തുരുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെതിരേ വിമർശനം ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയിരിക്കുന്നത്.