ഇംഫാൽ: മണിപ്പൂരിലെ സാമുദായിക സംഘർഷങ്ങൾ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ.ബിരേൻസിങ്ങ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഉച്ചക്ക് ഒരു മണിക്ക് ഗവർണർ അനസൂയ യുകേയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
സ്വന്തം പാർട്ടിയിൽ നിന്നുള്ളവരും പ്രതിപക്ഷവും ഒരു പോലെ ബിരേൻ സിങ്ങിനെതിരേ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
മേയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് ആളിക്കത്തുന്നത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ ബിരേൻ സിങ്ങ് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയെല്ലാം കണ്ട് സംസ്ഥാനത്തെ സ്ഥിതി ഗതികളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകിയിരുന്നു.
അതിനു പുറകേയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ബിരേൻ സിങ് സർക്കാരിന് പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ കലാപ ബാധിത പ്രദേശങ്ങളിലെത്തിയതും സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്.
മെയ്തേ വിഭാഗത്തിൽ നിന്നുള്ള ബിരേൻ സിങ്ങ് 2016ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയത്. പിന്നീട് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് മുഖ്യമന്ത്രി പദത്തിലെത്തി. അതേ സമയം സംസ്ഥാനത്ത് വെടിവയ്പ്പിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച കാങ്ങ്പോക്പി ജില്ലയിൽ സുരക്ഷാ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ ഇന്ന് മരണപ്പെട്ടതോടെ മരണസംഖ്യ മൂന്നായി. വ്യാഴാഴ്ച രാത്രിയോടെയാണ് സൈന്യത്തിന് ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ആയത്. കൊല്ലപ്പെട്ടവരുടെ മൃതശരീരവുമായി ജനങ്ങൾ മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.