തിരുവനന്തപുരം: വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്. ഇതിന്റെ ഭാഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും.
ചൊവ്വാഴ്‌ച നിയമസഭയ്‌ക്കു മുന്നിൽ കൃഷിമന്ത്രി പി പ്രസാദ് മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിൽ എട്ടെണ്ണം തിരുവനന്തപുരം ജില്ലയിലാണ്.
കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ്. കർഷകർക്ക് അർഹമായ വിലയും വിപണിയിൽ ആവശ്യമായ പച്ചക്കറിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് വിലവർധിക്കാൻ കാരണം.
മഴ ലഭിച്ചുതുടങ്ങിയതോടെ നാടൻ പച്ചക്കറികൾ ഈമാസം പകുതിയോടെ വിപണിയിൽ എത്തിത്തുടങ്ങും. വിപണിയിൽനിന്ന് 35 ശതമാനംവരെ വിലക്കുറവ് ഹോർട്ടികോർപ് പച്ചക്കറികൾക്കുണ്ട്.
124 സ്വന്തം സ്റ്റാളും ചെറിയ ഹട്ട് സ്റ്റാളുകളും ഉൾപ്പെടെ 400 ഫ്രാഞ്ചൈസിയുമുണ്ട്. 54 ഇനമാണ് ഇത്തരം സ്റ്റാളിലൂടെ വിൽപ്പന നടത്തുന്നത്.വിലവിവരം: വഴുതന– -49 , വെണ്ട–- 38, പയർ– -83, പടവലം–- 42, കാരറ്റ്–- 79, ബീൻസ്–-105, തക്കാളി–- 112, കാബേജ്– -37, മുരിങ്ങയ്‌ക്ക–- 49. ബീറ്റ്‌റൂട്ട്–- 49, ഇഞ്ചി–-195, കാച്ചിൽ–- 54, ഉരുളക്കിഴങ്ങ്–- 34, ഏത്തൻ–- 68. സവാള– -27, പാവയ്‌ക്ക–- 83.