പുൽപ്പള്ളി: കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പാ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി സേവാദൾ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പള്ളി.
മുൻ വയനാട് ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗവുമായ കെ.എൽ.പൗലോസിന് നൽകിയത് പതിനഞ്ചര ലക്ഷം രൂപയാണെന്ന് സജീവൻ വെളിപ്പെടുത്തി. കേസിൽ റിമാൻഡിലുള്ള സജീവനെ തിങ്കളാഴ്‌ച പുൽപ്പള്ളി പൊലീസ് തെളിവെടുപ്പിനായി ബാങ്കിൽ കൊണ്ടുവന്നപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തൽ.
വീട്ടിൽ കൊണ്ടുപോയാണ് പണം നൽകിയതെന്നും പറഞ്ഞു. പൗലോസിനും കോൺഗ്രസ് നേതാവായ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാറിനുമെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു.
മാനന്തവാടിയിലെ ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ ഒരു ദിവസത്തേക്കാണ് ബത്തേരി കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയത്. കഴിഞ്ഞ 28നാണ് അറസ്‌റ്റിലായത്.
കേസിൽ മൂന്നാം പ്രതിയാണ്. വിവിധ ആളുകളുടെ പേരിലെടുത്ത 1.64 കോടി രൂപ ബാങ്കിൽനിന്ന് നേരിട്ട് ഇയാളുടെ അക്കൗണ്ടിലേക്ക് പോയതായി സഹകരണ വകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.