ന്യൂഡൽഹി: മണിപ്പുരിലെ യഥാർഥസ്ഥിതി വ്യക്തമാക്കുന്ന പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം.
പുനരധിവാസം, ആയുധങ്ങൾ പിടിച്ചെടുക്കൽ, ക്രമസമാധാനനില തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട് ഈ മാസം 10നു മുമ്പ് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സ്ഥിതി പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവകാശവാദം പൊള്ളയാണെന്നും മണിപ്പുരിൽ അതീവ ഗുരുതരസ്ഥിതി തുടരുകയാണെന്നും ഹർജിക്കാരായ മണിപ്പുർ ട്രൈബൽ ഫോറത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു.
ക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുന്നു. കുക്കികൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് ലക്ഷ്യമെന്ന് ചില തീവ്രവാദസംഘങ്ങൾ പരസ്യപ്രസ്‌താവന നടത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.അടുത്ത തിങ്കളാഴ്‌ച വിശദമായ വാദംകേൾക്കാമെന്ന് കോടതി അറിയിച്ചു.
അതിനുമുമ്പായാണ് വിശദമായ തൽസ്ഥിതി റിപ്പോർട്ട് സർക്കാർ സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് എത്ര തീവ്രവാദസംഘങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് ഗോൺസാൽവസ് ആവശ്യപ്പെട്ടു.
പറ്റില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെ പ്രതികരിച്ചു.സംസ്ഥാനത്ത് ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ ബുധനാഴ്‌ച തുടങ്ങുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.