Timely news thodupuzha

logo

ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌; സീതാറാം യെച്ചൂരി

കോഴിക്കോട്‌: ഏക സിവിൽകോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ്‌ ആവശ്യമെന്ന്‌ സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ ബിജെപി സർക്കാർ ഇതുമായി മുന്നോട്ട്‌ പോകുന്നത്‌. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണം. ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ്‌ സി.പി.ഐ(എം) നയം.

ഇത്‌ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌. ഇത്‌ കൃത്യമായ രാഷ്‌ട്രീയ പദ്ധതിയാണ്‌. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ്‌ ഈ ഒത്തുചേരൽ. ഏക സിവിൽകോഡിനെതിരായ സി.പി.ഐ(എം) ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി.

അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്‌. സാമുദായിക ഭിന്നതയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്‌. വർഗീയ ധ്രുവീകരണത്തിനുള്ള മുനകൂട്ടലാണിത്‌. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടത്‌. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണ്‌ ബി.ജെ.പിയുടെ നീക്കം. ലോകം വൈവിധ്യം നിലനിർത്തുമ്പോൾ ഇന്ത്യ ഏകീകരണത്തിന്‌ ശ്രമിക്കുകയാണ്‌.

കേന്ദ്രസർക്കാർ ഏകപക്ഷീയമായി സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്‌. സമത്വം എന്നാൽ ഏകീകരിക്കൽ അല്ലെന്നും യെച്ചൂരി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളാൻ ക‍ഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേൽപ്പിക്കാൽ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ കമ്മിഷൻ റിപ്പോർട്ട് യു.സി.സി ഇപ്പോൾ നടപ്പാക്കുന്നതിന് എതിരാണെന്നും യെച്ചൂരി വ്യക്തമാക്കി. രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സി.പി.ഐ(എം) സമത്വത്തെ പിന്തുണയ്‌ക്കുന്നു, എന്നാലത് ജനാധിപത്യപരമാകണം.

വിവിധ വിഭാഗങ്ങൾക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണ്‌. രാജ്യത്ത് വംശഹത്യ നിത്യസംഭവമാകുന്നു. മണിപ്പൂരിൽ എന്താണ് നടക്കുന്നത്? മത ധ്രുവീകരണം ലക്ഷ്യമിട്ട് നിയമങ്ങൾ നടപ്പാക്കുകയാണ്.

യു.സി.സിയും ധ്രവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി ചർച്ചയാക്കുന്നത്. മുസ്ലിം വിഭാഗങ്ങളെ കടന്നാക്രമിക്കുകയാണ്. വംശഹത്യ പെരുകി വരുന്നതായും ഇക്കാര്യങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതായും യെച്ചൂരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *