Timely news thodupuzha

logo

റേച്ചൽ: ഇതുവരെ കാണാത്ത ലുക്കിൽ ഹണി റോസ്

ഒരു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്‍റെ കഥയാണ് റേച്ചൽ. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് സംവിധായകൻ എബ്രിഡ് ഷൈൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാനൊരുങ്ങുന്നത്. റേച്ചൽ എന്ന ടൈറ്റിൽ റോളിലെത്തുന്നത് ഹണി റോസ്.

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള എബ്രിഡ് ഷൈൻ സംവിധായകന്‍റെ കുപ്പായം അഴിച്ചുവച്ച് നിർമാതാവായാണ് പിന്നണിയിൽ നിൽക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയെയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും ചിത്രം വിശ്വസിച്ചേൽപ്പിച്ചിരിക്കുകയാണ് എബ്രിഡ് ഷൈൻ.

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കൈയിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്. ഹണി റോസിന്‍റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് പോസ്റ്ററിലെ കഥാപാത്രത്തിന്‍റെ മൂർച്ചയും ആഴവുമുള്ള നോട്ടം സൂചിപ്പിക്കുന്നു.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. എം.ആർ. രാജാകൃഷ്ണൻ സൗണ്ട് മിക്‌സിങ്ങും, ശ്രീശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ.

Leave a Comment

Your email address will not be published. Required fields are marked *