കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. അരുൺ നൽകിയ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. തള്ളി താഴെയിട്ടതിനു ശേഷം ഇവർ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടർന്ന് കടന്നുകളഞ്ഞു.