ദുബായ്: ഇന്ത്യയും യു.എ.ഇയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ പ്രാദേശിക കറൻസിയിൽ ആകുന്നതോടെ അന്താരാഷ്ട്ര വ്യാപാരത്തിൽ ഡോളറിന്റെ ആവശ്യം കുറയും. ഇന്ത്യൻ രൂപ കൂടുതൽ ശക്തിപ്രാപിക്കുമെന്നും സാമ്പത്തികരംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
നിലവിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ദിർഹം ഡോളറിലേക്കും പിന്നീട് ഡോളർ രൂപയിലേക്കും മാറ്റണം. ഇതിന് പ്രത്യേക ഫീസുമുണ്ട്. ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലമയും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം സ്വന്തം കറൻസികളിൽ വ്യാപാരമാകാം.
ഏത് കറൻസി ഉപയോഗിക്കണമെന്ന് വ്യാപാരിക്ക് തീരുമാനിക്കാം. പണം ഡോളറിലേക്ക് മാറ്റുന്നതിന് ഈടാക്കിയിരുന്ന ചാർജും ഒഴിവാകും.സ്വർണ വ്യാപാരത്തിലുൾപ്പെടെ തീരുമാനം വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം മാറുന്നതിന് അനുസരിച്ചുള്ള അസ്ഥിരതയും ഒഴിവാക്കാനാകും. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനുമായേക്കും.ഇന്ധന ഇറക്കുമതി ഇന്ത്യൻ രൂപയിലുണ്ടാകുന്നതോടെ വിലയിൽ മാറ്റംവരുത്താനുമാകും.
ഇടപാടുകളുടെ സമയവും കുറയും. 2022 ജൂലൈയിലാണ് രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിലാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. ഇന്ത്യൻ രൂപയിൽ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായി ശ്രീലങ്കയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.