കോഴിക്കോട്: ഫൂട്ട് വെയർ നിർമ്മാണ മേഖലയിൽ അശാസ്ത്രീയമായ ബി.ഐ.എസ് നടപ്പിലാക്കുന്ന കേന്ദ്ര സർക്കർ നയങ്ങൾക്കെതിരെയുള്ള പ്രധിഷേധങ്ങൾക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയർ നിർമ്മാണ വ്യവസായികളുടെ സമര സംഘടനയായ എം.എസ്.എം.ഇ ഫൂട്ട് വെയർ സെക്‌ടർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ നടന്നു.

നല്ലളം വ്യവസായ കേന്ദത്തിൽ നടന്ന ധർണ ആക്ഷൻ കൗൺസിൽ ചെയർമാൻ വി.കെ.സി റസാക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ഉത്തരപ്രദേശിലെ ആഗ്ര, പഞ്ചാബിലെ ജലന്തർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഫൂട്ട് വെയർ നിർമ്മാണ വ്യവസായികളും, തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സമരത്തിലാണ്.
മൈക്രോ, സ്‌മാൾ എന്റർപ്രൈസുകളെ സംബന്ധിച്ചിടത്തോളം ബി.ഐ.എസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാൻഡേർഡുകൾ ആലോചിക്കുന്നതിനു പോലും സാധ്യത കുറവാണ്.
300 രൂപയുടെ ചെരുപ്പിനും, 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാൻഡേർഡാണ് നിലവിൽ നിരകർഷിച്ചിരിക്കുന്നത് എന്നത് ഫുട്‌വെയർ വ്യവസായത്തെ സംബധിച്ചിടത്തോളം തീർത്തും അശാസ്ത്രീയമാണ്. കൺവീനർ ബാബു മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി.സുനിൽനാഥ്, സിഫി കേരള ചാപ്റ്റർ ചെയർമാൻ പി.പി.മുസമ്മിൽ, ഫൂമ പ്രസിഡന്റ് എം.രജിത്ത് എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് എം.അബ്‌ദുറഹിമാൻ സ്വാഗതവും എഫ്.ഡി.ഡി.സി ഡയറക്ടർ കെ.പി.എ.ഹാഷിം നന്ദിയും പറഞ്ഞു.