
ആലപ്പുഴ: മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗുജറാത്ത് വംശഹത്യയുടെ തുടർച്ചയാണ് മണിപ്പൂരിൽ നടക്കുന്നതെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മണിപ്പുരിന്റെ രക്ഷയ്ക്കായി എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ‘സേവ് മണിപ്പുർ ’ജനകീയ കൂട്ടായ്മ ആലപ്പുഴ പൂക്കാവ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകും.
മണിപ്പൂരിൽ വർഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് പാർലമെന്റിൽ മറുപടി പറയേണ്ടി വരും. എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബി.ജെ.പി പാകിയിരിക്കുകയാണ്.
അത് മണിപ്പൂരിൽ മാത്രമായി ഒതുങ്ങില്ല. ഏക സിവിൽ കോഡ് അതിന്റെ ഭാഗമാണ്. ഏക സിവിൽ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്.
ഏക സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരുമായും സഹകരിക്കും. തങ്ങൾ ഒരു വേലിയും കെട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.