
കൊട്ടാരക്കര: കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച് കോൺഗ്രസ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ.എമ്മിലെ ബിന്ദു പ്രകാശ് മത്സരിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി ഷീബാ ചെല്ലപ്പനും ബി.ജെ.പിയിൽ നിന്ന് എം.ഉഷയും മത്സരിച്ചു. ബിന്ദു പ്രകാശിന് എട്ടുവോട്ടും ഷീബാ ചെല്ലപ്പന് യു.ഡി.എഫിന്റെ എട്ടും ബി.ജെ.പിയുടെ മൂന്നും ഉൾപ്പെടെ 11 വോട്ടും ലഭിച്ചു.
എം.ഉഷയ്ക്ക് വോട്ട് ലഭിച്ചില്ല. ബി.ജെ.പി സ്ഥാനാർഥിയും സ്ഥാനാർഥിയുടെ നിർദേശകനും പിന്താങ്ങിയ അംഗവും കോൺഗ്രസിനാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫിലെ ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് പരസ്യ പിന്തുണ നൽകിയത്. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ സുനിൽ.റ്റി.ഡാനിയേലിന് ഒമ്പതു വോട്ടും കോൺഗ്രസിലെ എസ്.സുജാതന് ബി.ജെ.പിയുടെ മൂന്ന് വോട്ട് ഉൾപ്പെടെ 11 വോട്ടും ലഭിച്ചു.
എൽ.ഡി.എഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സി.പി.ഐയിലെ അമ്പിളി ശിവനും വൈസ് പ്രസിഡന്റ് സി.പി.ഐ.എമ്മിലെ പി.വി.അലക്സാണ്ടറും രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. തുടർന്നുള്ള രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം സി.പി.ഐ.എമ്മിനും വൈസ് പ്രസിഡന്റ് സി.പി.ഐക്കും എന്നായിരുന്നു ധാരണ.
കഴിഞ്ഞ രണ്ടര വർഷവും പഞ്ചായത്തിൽ ഭരണകക്ഷിയുടെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ് നിലകൊണ്ടത്.