Timely news thodupuzha

logo

മുഹമ്മദ് സിറാജ് ഏകദിന പരമ്പരയിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങി

ബാർബഡോസ്: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങി. രണ്ടു ടെസ്റ്റുകളിലും കളിച്ച സിറാജിന്‍റെ അധ്വാനഭാരം കണക്കിലെടുത്ത് ബി.സി.സി.ഐ വിശ്രമം അനുവദിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ, ടെസ്റ്റ് പരമ്പര അവസാനിച്ച് മൂന്നു ദിവസം പിന്നിട്ട ശേഷം, ഏകദിന പരമ്പര തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം മുൻപാണ് സിറാജിനെ തിരിച്ചയച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‌

പകരക്കാരനെ ബിസിസിഐ നിർദേശിച്ചിട്ടുമില്ല. ജയദേവ് ഉനദ്‌കത്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ, ശാർദൂൽ ഠാക്കൂർ എന്നിവരാണ് നിലവിൽ ടീമിനൊപ്പമുള്ള സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ.

സിറാജിന്‍റെ അഭാവത്തിൽ ഠാക്കൂറാണ് ഇന്ത്യൻ നിരയിലെ ഏറ്റവും പരിചയസമ്പന്നനായ പേസ് ബൗളർ. 35 ഏകദിന മത്സരങ്ങളിൽ 50 വിക്കറ്റും ഠാക്കൂർ നേടിയിട്ടുണ്ട്. ഉനദ്‌കതിനും മാലിക്കിനും ചേർന്ന് ആകെ 15 ഏകദിനങ്ങളുടെ പരിചയസമ്പത്ത് മാത്രം.

മുകേഷ് ഏകദിന ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടുമില്ല. എങ്കിലും, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കൂടി ടീമിനൊപ്പമുള്ളതിനാലാണ് മാനേജ്മെന്‍റ് സിറാജിനു പകരക്കാരനെ ആവശ്യപ്പെടാത്തതെന്നാണ് സൂചന. ഒക്റ്റോബറിൽ ലോകകപ്പ് തുടങ്ങാനിരിക്കെ, തിരക്കേറിയ ദിവസങ്ങളാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്.

ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ പകുതി വരെ ഏഷ്യ കപ്പും അതിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരമ്പരയും കളിക്കാനുണ്ട്. വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിൽ സിറാജിനെ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നില്ല.

രണ്ടു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ ഏഴു വിക്കറ്റും നേടി. 2022 മാർച്ചിലാണ് സിറാജ് അവസാനമായി ഏകദിന ക്രിക്കറ്റ് കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ആ പരമ്പരയിൽ ആകെ അഞ്ച് വിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ വർഷം ആകെ 43 ഏകദിന വിക്കറ്റുകൾ നേടിയ സിറാജിനു മുന്നിൽ മറ്റൊരു ഇന്ത്യൻ ബൗളറുമില്ല.

Leave a Comment

Your email address will not be published. Required fields are marked *