Timely news thodupuzha

logo

മണിപ്പൂരിലെ കൂട്ടബലാത്സം​ഗവും നഗ്നത പരേഡും, സി.ബി.ഐ അന്വേഷിക്കും

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് കുകി യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസ് സിബിഐ അന്വേഷിക്കും. സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്.

കേസിൽ ഇതു വരെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. അസമിൽ വിചാരണ നടത്താനാണ് സർക്കാർ ആവശ്യപ്പെടുന്നത്.

ഇക്കാര്യം ഉന്നയിച്ച് സർക്കാർ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുകി, മെയ്തേ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അധികം വൈകാതെ സംസ്ഥാനത്ത് സംഘർഷം കെട്ടടങ്ങുമെന്നും സർക്കാർ പറയുന്നു.

മൂന്നു മാസമായി തുടരുന്ന സംഘർഷത്തിൽ ഇതു വരെ 160 പേരാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ

വ്യാഴാഴ്ച ഒരാൾ കൂടി കൊല്ലപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *