ന്യൂഡൽഹി: മണിപ്പൂരിൽ 2 സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുന്നതിൻറെ വീഡിയോ പകർത്തിയ ആളെ തിരിച്ചറിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ദൃശ്യം പകർത്താനുപയോഗിച്ച ഫോൺ കണ്ടെത്താൻ പൊലീസിനായതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണവും വിചാരണയും ഉറപ്പാക്കുമെന്ന് അമിത്ഷാ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.
അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിൻറെ നീക്കം.
സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയത്.