ന്യൂഡൽഹി: തൊഴിൽ സ്വപ്‌നങ്ങളുമായി കഴിയുന്ന രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുന്നതിന്റെ വസ്തുതകള്‍ പുറത്ത്. രാജ്യത്ത് 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ എന്നേയ്‌ക്കുമായി റദ്ദാക്കപ്പെടുമെന്ന് സർക്കാർ പാർലമെന്റിൽ വച്ച മറുപടി വ്യക്തമാക്കുന്നു.
വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ് റദ്ദാകുക. കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ നിരോധിക്കപ്പെട്ടതായി മാറുമെന്നും രാജ്യസഭയിൽ വി ശിവദാസന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയത്.
എന്നാൽ ഇതുപ്രകാരം റദ്ദാക്കിയ തസ്‌തികകളുടെ എണ്ണം പറയുന്നില്ല. ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് മറുപടി നൽകി.
ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് മറ്റൊരു മറുപടിയിൽ കേന്ദ്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
അഗ്നിപഥ് പദ്ധതി 13 മാസം പിന്നിടുമ്പോൾ എത്ര തസ്‌തിക സൃഷ്ടിച്ചു, എത്ര പേർക്ക് നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ല.