ന്യൂഡൽഹി: മണിപ്പുരിലെ ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ ജില്ലകളുടെ അതിർത്തിമേഖലകളിൽ കുക്കി–- മെയ്‌ത്തീ വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്നു. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പകലും ഈ മേഖലയിൽ രൂക്ഷമായ വെടിവയ്‌പുണ്ടായി. ഒരു വീട് കത്തിനശിച്ചു.
രണ്ടു പേർക്ക് പരിക്കുണ്ട്. ബുധനാഴ്‌ച മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരിച്ചു.
ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ അതിർത്തിമേഖല മെയ്‌ത്തീ–- കുക്കി ഗ്രാമങ്ങൾ മുഖാമുഖം വരുന്ന പ്രദേശങ്ങളാണ്. മെയ് മൂന്നിന് കലാപം ആരംഭിച്ചതുമുതൽ ഈ മേഖല സംഘർഷഭരിതമാണ്.
അതേസമയം, മ്യാൻമർ അതിർത്തിയിലെ മൊറെയിൽ കേന്ദ്രസൈനികർ ഇടത്താവളമായി ഉപയോഗിച്ചിരുന്ന വീടുകൾ കത്തിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.
വീഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ നേരത്തേതന്നെ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ 15 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഏഴുപേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്.
മണിപ്പുരിൽ സംഘർഷസ്ഥിതി തുടരുമ്പോഴും നിയമസഭ വിളിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആഗസ്‌ത് മൂന്നാംവാരം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
മണിപ്പുരിൽ സ്ഥിതി ശാന്തമായെന്ന പ്രതീതി സൃഷ്ടിക്കാൻ ജൂലൈ ആദ്യവാരം സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇംഫാൽ താഴ്‌വരയിൽ പൊതുവിൽ ശാന്തമായ മേഖലകളിൽപ്പോലും കുട്ടികൾ പൂർണതോതിൽ സ്‌കൂളുകളിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല.