Timely news thodupuzha

logo

നിയമം അറിയില്ലെങ്കിൽ വീണ്ടും എൽ.എൽ.ബിക്ക് പോയി പഠിക്കണമെന്ന് അഭിഭാഷകനോട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിൽ ഹർജിക്കാരൻ ആർ.എസ്.ശശികുമാർ നൽകിയ ഇടക്കാല ഹർജി ലോകായുക്ത തള്ളി. വാദത്തിനിടെ ഹർജിക്കാരന്‍റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമർശിച്ചു.

വാദിക്കാതെ കാര്യങ്ങൾ എഴുതി നൽകാമെന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കൾക്കു നാണമില്ലേയെന്നും ഉപലോകായുക്ത ബാബു മാത്യു പി.ജോസഫ് ചോദിച്ചു. ആർ.എസ്.ശശികുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായിരുന്നില്ല.

പകരം അഭിഭാഷകൻ സുബൈർ കുഞ്ഞാണ് ഹാജരായത്. പുനപരിശോധന ഹർജി ഹൈക്കോടതി തന്നെ തള്ളിയ സ്ഥിതിക്ക് ലോകായുക്തയിൽ നൽകിയ പുനപരിശോധന ഹർജിക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ലോകായുക്ത ചോദിച്ചു. നിയമം അറിയില്ലെങ്കിൽ വീണ്ടും എൽ.എൽ.ബിക്ക് പോകണം.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിൽ ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ലോകായുക്ത ആരാഞ്ഞു.

ഇതിനിടെ ഇടക്കാല ഹർജി തള്ളണോ അതോ പിൻവലിക്കുന്നുവോയെന്ന് ചോദിച്ച ലോകായുക്ത കളിയാക്കുവാണോവെന്നും ഹർജിക്കാരനോട് ആരാഞ്ഞു.

ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിയും 17 മന്ത്രിമാരേയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയർ ചെയ്ത ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർ.എസ് ശശികുമാർ ഇടക്കാല ഹർജി ഫയൽ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *