തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്‌ച നടക്കും. രാവിലെ ഒമ്പതിന് അത്തംനഗറിൽ(ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്) മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവയ്‌ക്കും.രാവിലെ 10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും പകൽ മൂന്നുമുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ തിരുവോണംവരെയുള്ള കലാസന്ധ്യക്കും തുടക്കമാകും. അത്തംനഗറിൽ ഉയർത്താനുള്ള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ അനുജൻ തമ്പുരാനിൽനിന്ന് ഹിൽ പാലസിൽവച്ച് ശനി വൈകിട്ട് അഞ്ചിന് നഗരസഭാ അധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങും.
തുടർന്ന് അത്തംനഗറിലേക്കുള്ള വിളംബരഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് 5.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകും. 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക പരിപാടികളാണ് അത്തച്ചമയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
അത്തച്ചമയം ഹരിതച്ചമയമെന്ന പേരിൽ ആണ് ഘോഷയാത്ര നടക്കുക. ഹരിത പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുക. അത്താഘോഷം പൂർണമായും ഹരിതച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി നഗരസഭയുടെ ഹരിതകർമസേന, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻഎസ്എസ് വളന്റിയർമാർ, നഗരസഭാ ജീവനക്കാർ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ഹരിത പ്രോട്ടോകോൾ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.