കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ ഇന്ന് ഏകീകൃത കുർബാന നടന്നില്ല. വികാരി ഫാ. ആന്‍റണി പൂതവേലിൽ ആണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാന്‍ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാദ നടത്താന്‍ തീരുമാനിച്ചത്. എന്നാൽ ഇത് അനുവദിക്കില്ലെന്ന് ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു.
ഇന്ന് രാവിലെ 6.30 യോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാദ നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടക്കുകയും ചെയ്തു. സെന്‍റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ കുർബാനയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പള്ളി കപ്യാരെ ഒരു വിഭാഗം തടഞ്ഞിരുന്നു. ഈ അവസരത്തിൽ കുർബാന അർപ്പിക്കാനാവില്ലെന്നും സംഘർഷത്തിനുള്ള കാരണക്കാരനാവാന്‍ ആഗ്രഹിക്കുന്നിലെന്നും വികാരി ഫാ. ആന്‍റണി പൂതവേലിൽ കുറ്റപ്പെടുത്തി. എറണാകുളം അങ്കമാലി രൂപതയിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ലെന്നും ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി.