
ന്യൂഡൽഹി: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസം നൽകണോ വേണ്ടയോ എന്നത് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന വിഷയമാണെന്ന് വാദം. സുപ്രീംകോടതിയിലാണ് അഡ്‌മിനിസ്‌ട്രേഷൻ ഈ വാദം ഉന്നയിച്ചത്. ഉച്ചഭക്ഷണത്തിന് മാംസാഹാരം നൽകേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാമുകൾ അടയ്‌ക്കാനുമുള്ള അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി കഴിഞ്ഞവർഷം മേയിൽ കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ് നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേ എത്രയുംവേഗം നീക്കണമെന്ന് ചൊവ്വാഴ്‌ച അഡ്‌മിനിസ്‌ട്രേഷനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് വാദിച്ചു.