കണ്ണൂർ: പുന്നാട് ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് കുളം റെയിൽവേ ഗേറ്റിന് സമീപം ഹവ്വാ മൻസിലിൽ സൽമാൻ അലി (24) ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന പാലക്കാട് സ്വദേശിയായ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 4 നാണ് അപകടം.സൽമാൻ ഡിവൈഎഫ്ഐ തിരുവങ്ങാട് വെസ്റ്റ് മേഖലാ ജോ. സെക്രട്ടറിയും സജീവ സിപിഐ എം പ്രവർത്തകനുമാണ് .കർണ്ണാടകയിൽ നിന്നും ഓണ വിപണിയിലേക്കുള്ള പൂക്കൾ കയറ്റിവന്ന മിനി വാൻ മിൽമയുടെ മിനി ലോറിക്ക് പിറകിലിടിച്ചു കയറുകയായിരുന്നു.
നിർത്തിയിട്ട ലോറിയിലാണ് വാൻ ഇടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി പൊലിസും അഗ്നി രക്ഷാ സേനയും എറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരുക്കേറ്റ ഇരുവരെയും പുറത്തെടുത്തത്. പരേതനായ അലിയുടെയും ബൽകീസിന്റെയും മകനാണ് സൽമാൻ അലി.
സഹോദരങ്ങൾ: റാബിയ, നാദിയ. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് 3 മണിയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കും. ഖബറടക്കം വൈകുന്നേരം ആറിന് തലശ്ശേരി മട്ടാമ്പ്രം പളളി ഖബർസ്ഥാനിൽ.