ന്യൂഡൽഹി: അപകീർത്തികരമായ ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന് മാത്യു കുഴനാടൻ പങ്കാളിയായ നിയമസ്ഥാപനം നോട്ടീസയച്ചു. ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്നും, ഇല്ലെങ്കിൽ 2.50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കെഎംഎൻപി ലോയെന്ന സ്ഥാപനമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. സുപ്രീംകോടതി അഭിഭാഷകനായ റോഹൻ തവാനി മുഖേനയാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പറയുന്നു. ഓഗസ്റ്റ് 15ന് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാത്യു കുഴൽനാടനെതിരെയും അദ്ദേഹം പങ്കാളിയായ കമ്പനിക്കെതിരെയും മോഹനൻ ആരോപണം ഉന്നയിച്ചിരുന്നു.
കെഎംഎൻപി ലോ കമ്പനിക്ക് കൊയി, ന്യൂഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്നും, ഇത്തരം ഓഫീസുകളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഈ ആരോപണം നിയമസ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസിൽ ആരോപിക്കുന്നു.