Timely news thodupuzha

logo

പി.ആന്റ്.ടി കോളനി നിവാസികൾക്ക് താക്കോൽ കൈമാറി

കൊച്ചി: ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടി വന്നിരുന്ന ദുരിതകാലം കൊച്ചി പി.ആന്റ്.ടി കോളനി നിവാസികൾക്ക് ഇനി മറക്കാം. ആ കുടുംബങ്ങൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി ലൈഫ് മിഷൻ ഫ്ലാറ്റുകൾ സമ്മാനിച്ചു. തദ്ദേശസ്വയംഭരണമന്ത്രി എം.ബി.രാജേഷ് ഫ്ളാറ്റുകൾ കെെമാറുന്നതിന്റെ ഉദഘാടനം നിർവ്വഹിച്ചു.

കാലങ്ങളായി പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത ജീവിതം നയിച്ച 83 കുടുംബങ്ങളാണ് പുതുപുത്തൻ ഫ്ലാറ്റുകളുടെ ഉടമകളായത്. വേലിയേറ്റത്തിൽ കനാലിലൂടെ ഓരുവെള്ളം കുടിലിൽ കയറുമെന്നും ഇവരിനി ഭയക്കേണ്ടതില്ല. 14.61 കോടി രൂപ നിർമ്മാണ ചെലവുള്ള‌ ഫ്ലാറ്റ്‌ യാഥാർത്ഥ്യമാക്കിയ കെ.ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള ജി.സി.ഡി.എയെ മന്ത്രി അഭിനന്ദിച്ചു.

മുണ്ടംവേലിയിൽ ജി.സി.ഡി.എ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയിലാണ് ഈ ലൈഫ് മിഷൻ സമുച്ചയം. പ്രീ എഞ്ചിനീയേഡ് ബിൽഡിങ്ങ് സ്ട്രക്ചർ(PEB) രീതിയിലാണ് നിർമാണം. നാലു നിലകളിലായി രണ്ടു ബ്ലോക്കുകളായിട്ടാണ് നിർമ്മാണം. ആകെ 83 ഭവന യൂണിറ്റുകളാണുള്ളത്.

375 ചതുരശ്ര അടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചൻ, ടോയ്ലറ്റ് എന്നിവയുണ്ട്‌. കൂടാതെ 3 ഭവന യൂണിറ്റുകൾ കോമൺ അമിനിറ്റിസായി സിക്ക് റൂം, ഡേ കെയർ സെന്റർ, അഡ്മിൻ റൂം, റീഡിംഗ് റൂം എന്നിങ്ങനെയുമുണ്ട്.

മഴവെള്ള സംഭരണി, കുടിവെള്ള സംഭരണ സംവിധാനം, അഗ്നി ശമന സംവിധാനം എന്നിവയും ഉണ്ട്. പദ്ധതി ചെലവിൽ ലൈഫ് മിഷൻ 9.03 കോടി രൂപയും കൊച്ചി സ്മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ 4.86 കോടി രൂപയും പി.എം.എ.വൈ 1.23 കോടി രൂപയും നൽകി.

ഫ്ലാറ്റിനു സമീപമുള്ള രാജീവ്‌ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മേയർ എം.അനിൽകുമാർ താക്കോലുകൾ കെെമാറി. കെ.ജെ.മാക്‌സി എം.എൽ.എ, റ്റി.ജെ.വിനോദ് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള , ഹെെബി ഈഡൻ എം.പി, എസ്.ശർമ, കലക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *