ആലപ്പുഴ: വീണ്ടും ആലപ്പുഴയിൽ സി.പി.എം – സി.പി.ഐ പോര്. കുട്ടനാട്ടിൽ സി.പി.എം വിട്ട് സി.പി.ഐയിലേക്ക് മാറാൻ അപേക്ഷ നൽകിയ 222 പേർക്ക് അംഗത്വം നൽകാൻ നാളെ സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗം ചേരും.
മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ പട്ടികയിലുണ്ടെന്നാണ് സി.പി.ഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവർത്തകൻ പോലും വിട്ടുപോകില്ലെന്നാണ് സി.പി.എം കുട്ടനാട് ഏരിയാ സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെയാണ് പാർട്ടിയിൽ പോര് തുടങ്ങുന്നത്.
വിഭാഗീയത രൂക്ഷമായതോടെ ലോക്കൽ സമ്മേളനങ്ങളിൽ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരേ ഒരു വിഭാഗം പ്രവർത്തകർ രംഗത്തിറങ്ങി.
375 പേരാണ് പാർട്ടിയിൽ നിന്നും രാജിക്കത്ത് നൽകിയത്. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. അനുനയ ചർച്ചകൾ നടന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും സി.പി.ഐയിലേക്കുള്ള കൂറ് മാറ്റം.
കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളിൽനിന്ന് സി.പി.ഐയിൽ ചേരാന് അപേക്ഷ നല്കിയിരിക്കുന്നത് 222 പേരാണ്.