Timely news thodupuzha

logo

നിപ ഭീതി; മന്ത്രിമാരുടെ ഉന്നതതലയോ​ഗം ഇന്ന്, കേന്ദ്രസംഘം നിപ ബാധിത മേഖലകൾ സന്ദർശിക്കും

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിമാരുടെ ഉന്നതതലയോ​ഗം നടക്കും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.

ശേഷം രോ​ഗബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. 950 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്.

പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ തീരുമാനിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് നിർദേശമുണ്ട്. എൻഐവി പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്.

കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെഎംഎസ്സിഎല്ലിന് മന്ത്രി നിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *