ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിയുമായി സഖ്യമില്ലെന്നതിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ജയകുമാർ. തിങ്കളാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കും.
മുൻ മുഖ്യമന്ത്രിയും ദ്രവീഡിയൻ നേതാവുമായ സി.എൻ.അണ്ണാദുരൈയെ കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മോശം പരാമർശം നടത്തിയതാണ് തമിഴ്നാട്ടിൽ ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യം തകരാൻ ഇടയാക്കിയത്.
തങ്ങളുടെ നേതാവിനെ കുറിച്ച് മോശം പരാമർശം നടത്തുന്നവർക്ക് ഒപ്പം തുടരാൻ കഴിയില്ലെന്നാണ് പാർട്ടി നേതാവായ ജയകുമാർ വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച എ.ഐ.എ.ഡി.എം.കെ നേതാക്കൾ പാർട്ടി പ്രസിഡൻറ് ജെ.പി.നഡ്ഡ, കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. അണ്ണാമലൈ വിഷയത്തിൽ മാപ്പു പറയണമെന്നാണ് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെടുന്നത്.