Timely news thodupuzha

logo

രാജ്യത്ത് മദ്യത്തിന് വില കൂടുതൽ കർണാടകയിൽ

ന്യൂഡൽഹി: വിനോദസഞ്ചാരികളെ സംബന്ധിച്ച് ഗോവയിലെ ആകർഷണം അവിടത്തെ മനോഹരമായ ബീച്ചുകൾ മാത്രമല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ.

നികുതി ഏറ്റവും കുറവാണെന്നതാണ് ഈ വിലക്കുറവിനു കാരണം. അതേസമയം, കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മദ്യത്തിൽ നിന്നുള്ള നികുതിയാണ് ആശ്രയമെന്ന ആരോപണം നിലനിൽക്കുമ്പോഴും, മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളമല്ല എന്നതാണ് വസ്തുത.

കർണാടകയാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഉദാഹരണത്തിന്, ഗോവയിൽ 100 രൂപ വരുന്ന മദ്യത്തിന് കർണാടകയിൽ 513 രൂപ വില വരുന്നിടത്തോളമാണ് നികുതി വ്യത്യാസം. ചില്ലറ വിൽപ്പന വിലയുടെ 49% നികുതി ചുമത്തുന്ന ഗോവയിൽ നികുതി കുറവൊന്നുമില്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നു മാത്രം.

കർണാടകയിൽ ഇത് 83 ശതമാനവും മഹാരാഷ്‌ട്രയിൽ 73 ശതമാനവുമാണ്. ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള 150% നികുതിക്കു പുറമേയുള്ള കണക്കാണിത്. യുകെയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യ ചർച്ച ചെയ്തു വരുന്ന സ്വതന്ത്ര വ്യാപാര കരാർ നടപ്പാകുന്നതോടെ ഇതു കുറയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലേക്ക് മദ്യം കയറ്റുമതി ചെയ്യുന്ന വിദേശ കമ്പനികൾ.

ഈ നികുതി രാജ്യമെങ്ങും ഒരുപോലെ തുടരുമ്പോഴും പ്രാദേശികമായി സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതിയാണ് വില വ്യത്യാസം വരുത്തുന്നത്. ഡൽഹിയും മുംബൈയും തമ്മിൽ ഇക്കാര്യത്തിൽ 20 ശതമാനമാണ് വ്യത്യാസം.

ഉദാഹരണത്തിന്, മുംബൈയിൽ 4000 രൂപ വരുന്ന വിദേശ നിർമിത വിസ്കിക്ക് ഡൽഹിയിൽ 3100 രൂപയായിരിക്കും. ഇത്തരത്തിലുള്ള വ്യത്യാസമാണ് സംസ്ഥാനാതിർത്തികൾ വഴിയുള്ള മദ്യം കള്ളക്കടത്തിനും കാരണമാകുന്നത്.

രാജ്യത്ത് ചരക്ക് സേവന നികുതി(ജി.എസ്‌.റ്റി) പ്രാബല്യത്തിൽ വന്നതോടെയാണ് മദ്യത്തിനു മേലുള്ള നികുതിയിൽ അന്തരം വലുതായത്. പെട്രോളും ഡീസലും എന്നതും പോലെ മദ്യവും ജി.എസ്‌.റ്റി പരിധിയിൽ വരുന്നില്ല എന്നതാണ് കാരണം.

സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കുറഞ്ഞതോടെ മദ്യത്തിനു മേലും പെട്രോളിയും ഉത്പന്നങ്ങളുടെ മേലും കൂടുതൽ നികുതി ചുമത്തുകയും വസ്തു നികുതി വർധിപ്പിക്കുകയും മാത്രമായി സംസ്ഥാനങ്ങൾക്കു മുന്നിലുള്ള മാർഗം.

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്‌.റ്റി പരിധിയിൽ കൊണ്ടു വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുമ്പോഴും മദ്യത്തിൻറെ കാര്യത്തിൽ ഇങ്ങനെയൊരു നിർദേശം ഉയർന്നു വന്നിട്ടേയില്ല.

Leave a Comment

Your email address will not be published. Required fields are marked *