Timely news thodupuzha

logo

വന്ദേഭാരത് ഉദ്ഘാടനം; തരംതാണ രാഷ്ട്രീയ കളി, വി.മുരളീധരന് വേണ്ടി എല്ലാ സ്റ്റേഷനിലും 10 മിനിറ്റ് നിർത്തി; കെ.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി നടത്തിയത് തരംതാണ രാഷ്ട്രീയ കളിയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി.

രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബി.ജെ.പിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബി.ജെ.പി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയിയെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.

രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബി.ജെ.പി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നത് എന്തിനാണ്.

ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. ചില സഹമന്ത്രിമാരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി.മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്.

കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി.മുരളീധരനെന്നും കെ.മുരളീധരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *