ന്യൂഡൽഹി: പ്രമുഖ സാമ്പത്തികകാര്യ മാധ്യമമായ ഇക്കണോമിക് ടൈംസിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി മലയാളി മാധ്യമപ്രവർത്തകൻ ശ്രുതിജിത്ത്.കെ.കെ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ്.
ഇക്കണോമിക് ടൈംസിൽ നേരത്തെ ജോലി ചെയ്‌തിരുന്ന ശ്രുതിജിത്ത് ബിസിനസ് ദിനപത്രമായ ദി മിന്റിലെ എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞ ശേഷമാണ് സ്ഥാപനത്തിലേക്ക് തിരിച്ചെത്തുന്നത്. തലശ്ശേരി കൂരാറ സ്വദേശിയാണ്.
തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ശ്രുതിജിത്ത് ഡൽഹിയിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.
കൂത്തുപറമ്പ് മുൻസിഫ് കോടതി ജീവനക്കാരനായിരുന്ന റ്റി.കെ.ദേവദാസന്റേയും പഴശ്ശി വെസ്റ്റ് യു.പി സ്‌കൂൾ മുൻ അധ്യാപിക കെ.ഇന്ദിരയുടേയും മകനാണ്.