അലിഗഢ്: പൊതുപരിപാടിക്കിടെ വേദിയിൽവച്ച് വനിതാ എം.എൽ.എയുടെ തോളിൽ കൈവച്ച് പിടിച്ച ബി.ജെ.പി എം.പി സതീഷ് കുമാർ ഗൗതമിന്റെ നടപടി വിവാദത്തിൽ. യു.പിയിലെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പരിപാടിക്കിടെ പലതവണ അനുചിതമായി സ്‌പർശിച്ച എം.പിയോട് മുക്ത രാജ എം.എൽ.എ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ തോളിൽ കൈവച്ച് പിടിച്ചപ്പോൾ എം.എൽ.എ സീറ്റ് മാറി ഇരിക്കുകയായിരുന്നു.
എം.എൽ.എ അസ്വസ്‌ഥത പ്രകടിപ്പിച്ചിട്ടും എം.പി കൈ മാറ്റാൻ തയ്യാറായില്ല. സംഭവത്തിൽ എം.പിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതാണ് യഥാർത്ഥ ബി.ജെ.പി സംസ്‌കാരമെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം, രാജസ്ഥാനിലെ പാലി ജില്ലയിൽ 45കാരിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രായപൂർത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്‌തതിന് ബി.ജെ.പി നേതാവ് മോഹൻ ജാട്ടിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു.