ലണ്ടൻ: സ്കോട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇന്ത്യൻ ഹൈ കമ്മിഷണറെ തടഞ്ഞ് ഖാലിസ്ഥാൻ വിഭജനവാദികൾ. യുകെയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം ദുരൈസ്വാമിയെയാണ് ഖാലിസ്ഥാനി വിഘടനവാദികൾ തടഞ്ഞത്.
സ്കോട്‌ലൻഡ് സന്ദർശനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ചയാണ് ദുരൈസ്വാമി ഗ്ലാസ്ഗോയിലെ ഗുരുദ്വാരയിലെത്തിയത്. ഗുരുദ്വാര കമ്മിറ്റിയുടെ താത്പര്യപ്രകാരമാണ് സിഖ് സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യൻ സ്ഥാനപതി എത്തിയത്.
എന്നാൽ ഖാലിസ്ഥാൻ വാദികൾ ഹൈ കമ്മിഷണറോട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. നഗരത്തിലെ ഭൂരിഭാഗം സിഖുകാരും സമാധാനം കാംക്ഷിക്കുന്നവരാണെന്നും കുറച്ചു പേരുടെ ഇടപെടലിനാൽ മുൻകൂട്ടി തയാറാക്കിയ യോഗങ്ങൾ റദ്ദാക്കേണ്ടി വന്നതായും സിഖ് ഗ്രൂപ്പുകൾ പറയുന്നു.
ഖാലിസ്ഥാൻ വാദി നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സ്കോട്‌ലൻഡിലും ഖാലിസ്ഥാൻ വാദികൾ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത്.