Timely news thodupuzha

logo

ഡി.വൈ.എഫ്.ഐ നേതാവിന് മയക്കു മരുന്ന് മാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: മയക്കു മരുന്ന് മാഫിയ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് കുത്തേറ്റു. നെല്ലിക്കുഴി ഈസ്റ്റ് മേഖലാ പ്രസിഡന്റ് അജ്മൽ സലിമിനെയാണ്(28) തിങ്കൾ രാത്രി നെല്ലിക്കുഴി ഗവ. സ്കൂളിനു സമീപം മയക്കു മരുന്ന് മാഫിയ സംഘം ആക്രമിച്ചത്. സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരനെയും ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച അജ്മൽ സലിമിനെയും ബാപ്പ സലിമിനെയും മയക്കുമരുന്നുസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ, അക്രമിസംഘം അജ്മലിനെ വയറ്റില്‍ കുത്തിവീഴ്ത്തി. കോതമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി മാർ ബസേലിയോസ് ആശുപത്രി ഐ.സിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നെല്ലിക്കുഴി സ്വദേശികളായ ഇടയാലിക്കുടി അഷ്കർ, ഇടയാലി യൂനസ് എന്നിവരുൾപ്പെട്ട അക്രമിസംഘത്തിനെതിരെ വധശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തു.

പ്രതികള്‍ ഒളിവിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നെല്ലിക്കുഴി കവലയിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ബ്ലോക്ക് സെക്രട്ടറി ജിയോ പയസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ജയകുമാർ, ബ്ലോക്ക് പ്രസിഡന്റ്‌ കെ.എൻ.ശ്രീജിത്, ജോയിന്റ് സെക്രട്ടറി റ്റി.എ.ഷാഹിൻ, ധനേഷ്.കെ.ശ്രീധർ, അജ്മൽ മുഹമ്മദ്, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. അജ്മലിനെ ആക്രമിച്ചവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. എൻ.ബി.യൂസഫ് അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *