Timely news thodupuzha

logo

തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് ഉറപ്പുവരുത്തണം; സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: രാജ്യത്ത് തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അപകടങ്ങൾ മൂലം സ്ഥിര അംഗവൈകല്യം സംഭവിച്ചവർക്ക് 20 ലക്ഷം രൂപയും മറ്റ് എന്തെങ്കിലും തരത്തിലുള്ള ശാരീരിക വിഷമതകൾ അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപയും അതാത് സർക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം.

തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് സർക്കാരുകൾ ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ഏജൻസികൾ ഏകോപിപ്പിക്കണമെന്നും നിർദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ 5 വർഷത്തിനിടെ 340ഓളം പേരാണ് സെപ്‌റ്റിക്‌ ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതിനിടെ മരണമടഞ്ഞത്.

ഉത്തർപ്രദേശ്, തമിഴ്‌നാട്‌, ഡൽഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മരണങ്ങളുമെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *