ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 344 കുട്ടികളും ഉൾപ്പെടുന്നു.
150 ക്യാംപുകളിലായി 6 ലക്ഷത്തോളം പേരാണ് കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയ 220 പേരിൽ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. അതിനിടെ പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേർത്ത യു.എൻ രക്ഷാസമിതി യോഗത്തിൽ തുടർച്ചയായ നാലാം തവണയും തീരുമാനമായില്ല.
അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തെ യു.എസ് പ്രമേയം അപലപിച്ചു. ബന്ദികളാക്കിയവരെ ഹമാസ് ഉടൻ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
യുദ്ധത്തിന് ഇടവേള വേണമെന്ന് യു.എസ് ആവശ്യപ്പെട്ടപ്പോൾ എത്രയും പെട്ടന്നുള്ള വെടി നിർത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി. പത്തോളം രാജ്യങ്ങൾ യു.എസ് പ്രമേയത്തെ പിന്തുണച്ചു. എന്നാൽ യു.എസ് പ്രമേയത്തെ റഷ്യ, ചൈന, യു.എ.ഇ എന്നിവ എതിർത്ത് വോട്ടു ചെയ്തു. യുഎസ് പ്രമേയത്തിന് ബദലായി റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല.