Timely news thodupuzha

logo

ഇടുക്കിയുടെ ടൂറിസം വികസനം; ഭരണകൂടങ്ങൾ മൗനം പാലിക്കുന്നു

ചെറുതോണി: നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മലനിരകൾ. പാൽക്കുളംമേടെന്ന ഇടുക്കി ജില്ലയിലെ കൊട്ടിയടക്കപ്പെട്ട അതി സുന്ദരമായ പ്രദേശത്തിൻറെ സമീപ കാഴ്ചകൾ, ഏഷ്യയുടെ അഭിമാനമായ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട്, കാൽവരി മൗണ്ട് മലനിരകൾ, ഇടുക്കി അണക്കെട്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന കുറവൻ കുറത്തി മലകൾ, പൈനാവിന് സമീപം സ്ഥിതി ചെയ്യുന്ന കുയിലി പാറ വ്യൂ പോയിൻറ്, പാണ്ടിപ്പാറ, വാഴത്തോപ്പ് ഉൾപ്പെടെയുള്ള താഴ് വാരങ്ങളുടെ അതിമനോഹരമായ കാഴ്ചകൾ ഇതിന് പുറമേ സദാസമയവും നാലു ദിക്കുകളിൽ നിന്നും എത്തുന്ന തണുത്ത കാറ്റും കോടമഞ്ഞും.

കാല്പനിക കഥകളിലെ കാൻ വാസുകളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ പോലെ അതിസുന്ദരമാണ് ഭൂമിയാംകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ള കാഴ്ചകൾ . ഏതൊരു സഞ്ചാരിയെയും വീണ്ടും കടന്നുവരുവാൻ പ്രേരിപ്പിക്കുന്ന സ്റ്റേഡിയം പാറയെന്ന പ്രദേശത്തു നിന്നുള്ള കാഴ്ചകളാണ് ടൂറിസം വികസനത്തിന് സാധ്യത നൽകുന്നത്. എന്നാൽ ഒരു വാച്ച് ടവർ ഉൾപ്പെടെ നിർമ്മിച്ച് പ്രദേശത്തിന്റെ വികസനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യത്തിനു മുൻപിൽ ഭരണകൂടങ്ങൾ മൗനം പാലിക്കുകയാണ്.

ഇടുക്കി വാഴത്തോപ്പ് കുടിയേറ്റകാലം മുതൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള പ്രദേശമാണ് ഭൂമിയാകുളം. പ്രദേശത്തിന്റെ കാലാവസ്ഥയും സുന്ദരമായ ഭൂപ്രദേശങ്ങളും ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ഓശാനയെന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷനും ഭൂമിയാകുളമായിരുന്നു.

സ്റ്റേഡിയം പാറയ്ക്ക് സമീപം വ്യൂ പോയിൻറ് സ്ഥാപിച്ച് വാച്ച് ടവർ നിർമ്മിച്ചാൽ അത് പ്രദേശത്തിന്റെ വികസനത്തിന് വഴിവയ്ക്കും. വാഴത്തോപ്പ് പഞ്ചായത്ത് 1, 2, 6 വാർഡുകൾ അതിർത്തികൾ പങ്കിടുന്ന മേഖലയിൽ വികസനം എത്തിക്കുന്നതിന് പഞ്ചായത്തും മൗനം പാലിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ വിഷയത്തിൽ ഇടപെടണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *