ഭോപ്പാൽ: നാലാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ 10 വയസുകാരൻ രുദ്ര നാരായൺ സേത്തിയാണ് മരിച്ചത്.
ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക നിർബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച രുദ്രനുൾപ്പടെ 7 വിദ്യാർത്ഥികൾ സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുവരാൻ മറന്നിരുന്നു.
തുടര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ ക്ലാസിൽ കുഴഞ്ഞുവീണു.
ഉടനെ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും അവിടെ നിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. എന്നാൽ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള പാണ്ടെ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും റിപ്പോർട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുമെന്നും അഡീഷണൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രവരഞ്ജൻ പതി ബുധനാഴ്ച അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജാജ്പൂർ ജില്ലാ കളക്ടർ ചക്രവർത്തി സിംഗ് റാത്തോഡും പറഞ്ഞു.