ന്യൂഡൽഹി: പഞ്ചാബി ഗായകൻ ജിപ്പി ഗ്രേവാളിൻറെ ക്യാനഡയലി വീടിനു നേരെ വെടിവയ്പ്പുണ്ടായതിൻറെ ഉത്തരവാദിത്വം ക്രിമിനൽ സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തു.
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ പ്രശംസിച്ചതിനെതിരേ ജിപ്പിക്കു നൽകിയ മുന്നറിയിപ്പായിരുന്നു ഇതെന്നാണ് ഇയാളുടെ വിശദീകരണം. ക്യാനഡയിലെ വാൻകൂവറിലായിരുന്നു വെടിവയ്പ്പ്.
ആർക്കും പരുക്കേറ്റിട്ടില്ല. ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമൂഹ മാധ്യമ പോസ്റ്റിൽ സൽമാൻ ഖാനെയും ബിഷ്ണോയ് ഗ്രൂപ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
”സിധു മൂസെവാലയുടെ മരണത്തിൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. മിഡുകേരയിൽ നിങ്ങൾക്ക് വിക്കിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സിധു മരിച്ചതിൽ നിങ്ങൾ അഗാധ ദുഃഖവും രേഖപ്പെടുത്തി.
ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഏതെങ്കിലും രാജ്യത്തു പോയി അഭയം പ്രാപിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒന്നോർക്കുക, മരണത്തിന് വിസ ആവശ്യമില്ല”, ഇതാണ് ബിഷ്ണോയ് ഗ്രൂപ്പിൻറെ ഫെയ്സ്‌ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ പോസ്റ്റ് ചെയ്തിരിക്കുന്ന ഭീഷണി സന്ദേശം.
ജിപ്പി ഗ്രേവാളിൻറെ വീട് ആക്രമിക്കപ്പെട്ടതു തന്നെ പഞ്ചാബി സംഗീത മേഖലയെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഷ്ണോയ് സംഘത്തിൻറെ ഭീഷണി സന്ദേശവും പുറത്തുവന്നിരിക്കുന്നത്.
കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ അടുത്ത അനുയായി ആയിരുന്ന സുഖ്‌ദുൽ സിങ്ങിനെ കഴിഞ്ഞ സെപ്റ്റംബറിൽ ബിഷ്ണോയ് സംഘം ക്യാനഡയിൽ വച്ച് വെടിവച്ചു കൊന്നിരുന്നു.
ക്ലോസ് റേഞ്ചിൽ നിന്ന് ഒമ്പത് വട്ടമാണ് ഇയാളെ വെടിവച്ചത്. കനേഡിയൻ പൊലീസ് ഈ കൊലപാതകത്തെക്കുറിച്ച് മൗനം പാലിക്കാനാണ് ശ്രമിച്ചതെങ്കിലും ബിഷ്ണോയ് ഗ്രൂപ്പ് ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ജോധ്പൂരിൽ വച്ച് കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നതു വഴി സൽമാൻ ഖാൻ തൻറെ സമുദായത്തെ അവഹേളിച്ചു എന്നാണ് ലോറൻസ് ബിഷ്ണോയ് പറയുന്നത്. തങ്ങളുടെ ക്ഷേത്രത്തിൽ വന്ന് മാപ്പ് അപേക്ഷിക്കണമെന്നാണ് ബിഷ്ണോയ് ആവശ്യപ്പെടുന്നത്.
രാജസ്ഥാനിലെ ബിഷ്ണോയ് സമുദായം വിശുദ്ധമായി കണക്കാക്കുന്ന മൃഗങ്ങളാണ് മാൻ ഇനത്തിൽപ്പെട്ട കൃഷ്ണമൃഗം. ഗർഭിണിയായ കൃഷ്ണ മൃഗത്തെ വെടിവച്ചു കൊന്ന കേസിൽ സൽമാൻ ഖാൻ ജയിലിലും കിടന്നിട്ടുണ്ട്.