Timely news thodupuzha

logo

വണ്ടിപ്പെരിയാറിൽ ഷോക്കേറ്റ് മരിച്ച വ്യക്തിയുടെ കുടുബത്തിന് നഷ്ടപരിപരിഹാരം നൽകണമെന്ന് മനുഷ്യാവകാശകമ്മീഷൻ

ഇടുക്കി: കെ.എസ്.ഇ.ബി വണ്ടിപ്പെരിയാർ സെക്ഷന് കീഴിൽ കൊക്കക്കാട് ഭാഗത്ത് വഴി വിളക്കുകൾ മാറ്റിയിടുന്ന ജോലി ചെയ്യുന്നതിനിടയിൽ കഴിഞ്ഞവർഷം ഡിസംബർ രണ്ടിന് ഷോക്കേറ്റ് മരിച്ച സാലി മോന്റെ(48) കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിപരിഹാരം നൽകണമെന്ന് മനുഷ്യാവകാശകമ്മീഷൻ ഉത്തരവ്.

ഏഴു ലക്ഷം രൂപ വൈദ്യുതി ബോർഡും മൂന്നു ലക്ഷം വണ്ടിപെരിയാർ ഗ്രാമപഞ്ചായത്തും നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

നഷ്ടപരിഹാരത്തുക ഉത്തരവാദികളായ വൈദ്യുതി ബോർഡ് ജീവനക്കാരിൽ നിന്നും ബോർഡിന് ഈടാക്കാം. ലൈസൻസില്ലാത്ത കരാറുകാരന് അടിയന്തര സാഹചര്യത്തിന്റെ പേരിൽ കരാർ നൽകിയ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിന് കരാറുകാരനിൽ നിന്നും സിവിൽ നടപടിക്രമത്തിലൂടെ നഷ്ടപരിഹാര തുക ഈടാക്കാവുന്നതാണ്. ചട്ടങ്ങൾ പാലിക്കാതെ കരാർ നൽകിയ പഞ്ചായത്ത് സെക്രട്ടറിയും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് ഉത്തരവിൽ പറയുന്നു.

ഉത്തരവ് ലഭിച്ച് മൂന്നുമാസത്തിനകം 10 ലക്ഷം രൂപ സാലി മോന്റെ കുടുംബത്തിന് കൈമാറണമെന്ന് കമ്മീഷൻ വൈദ്യുതി ബോർഡ് ചെയർമാനും തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നൽകി. വീഴ്ച വരുത്തിയാൽ അവസാന തിയതിക്ക് പിറ്റേന്ന് മുതൽ എട്ടു ശതമാനം വാർഷിക പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറഞ്ഞു.

ശബരിമല മകര വിളക്കിനോട് അനുബന്ധിച്ച് സത്രം ഭാഗത്തേക്കുള്ള തീർത്ഥാടന പാതയിൽ വഴി വിളക്ക് സ്ഥാപിക്കാൻ വേണ്ടിയാണ് എം. നിസാർ എന്നയാൾക്ക് കരാർ നൽകിയത്. കരാറുകാരന് ബി ക്ലാസ് ലൈസൻസ് ഉണ്ടായിരുന്നില്ല. അടിയന്തര സാഹചര്യത്തിൽ ലൈസൻസ് ഇല്ലാത്തയാൾക്ക് കരാർ നൽകുന്നതിൽ തെറ്റില്ലെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഫോണിൽ അനുവാദം നൽകിയതായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ബോർഡ് മേൽനോട്ടം വഹിക്കാമെന്നും വാക്കു നൽകി.വൈദ്യുതി ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന പ്രവൃത്തിയിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന ദിവസം മേൽനോട്ടം വഹിച്ച അഞ്ച് ഓവർസിയർമാരിൽ മൂന്ന് പേർ അവധിയിലായിരുന്നുവെന്ന് വൈദ്യുതി ബോർഡ് കമ്മീഷനെ അറിയിച്ചു. രണ്ടു പേർ മറ്റ് ജോലികൾക്ക് നിയോഗിക്കപ്പെട്ടു. 10 വർഷം പരിചയമുള്ള ഒരു ലൈൻ മാനെയാണ് മേൽനോട്ട ചുമതല ഏൽപ്പിച്ചിരുന്നത്. പണി നടക്കുമ്പോൾ ലൈൻ ഓഫാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നാണ് പറയുന്നത്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കരാർ നൽകിയതെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ മാത്രം ചുമതലയിലുള്ള ഇലക്ട്രിക് ജോലികൾ യാതൊരു മാനദണ്ഡവും സുരക്ഷാ മുൻകരുതലും എടുക്കാതെ നൽകിയത് വൈദ്യുതി ബോർഡിന്റെ ഗുരുതര വീഴ്ചയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

മേൽനോട്ടത്തിന് ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചില്ല. ലൈസൻസ് പോലുമില്ലാത്ത കരാറുകാരന് കരാർ നൽകിയത് വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വീഴ്ചയാണ്. സാലി മോന്റെ മരണത്തിന് ഉത്തരവാദികളായ രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വൈദ്യുതിബോർഡും പഞ്ചായത്തും സമർപ്പിച്ച റിപ്പോർട്ടുകൾ മനുഷ്യജീവന് വില കൽപ്പിക്കാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം നടപടികൾ ആവർത്തിക്കരുത്. വണ്ടിപ്പെരിയാർ വടക്കേവിളയിൽ മുൻ പഞ്ചായത്തംഗം എം.എം ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *