ന്യൂയോർക്ക്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നുവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റാരോപിതനായ ഇന്ത്യക്കാരൻ നിഖിൽ ഗുപ്തക്കെതിരായ തെളിവുകൾ ഹാജരാക്കാൻ സാധിക്കില്ലെന്നറിയിച്ച് അമേരിക്ക.
നിഖിൽ ഗുപ്തയുടെ അപേക്ഷ നിരസിക്കണമെന്ന നിലപാടിലാണ് സർക്കാർ. പ്രതി കോടതി മുൻപാകെ ഹാജരാകുകയും വിചാരണ ആരംഭിക്കുകയും ചെയ്യുന്ന സമയത്ത് തെളിവുകൾ സമർപ്പിക്കാം അല്ലാത്തപക്ഷം തെളിവുകൾ നൽകേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യു.എസ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി നാലിനാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഹർജി നൽകിയത്.
ഈ ഉത്തരവിൻറെ തീയതി മുതൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് യു.എസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോ നിർദേശിച്ചിട്ടുള്ളത്.
ന്യൂയോർക്കിൽ വച്ച് ഗുർപത്വന്ത് പന്നുനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ നിഖിൽ ഗുപ്ത നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുകയാണ്.
2023 നവംബർ 29നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയെന്ന് പറഞ്ഞ് നിഖിൽ ഗുപ്തയ്‌ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയതായി പ്രഖ്യാപിക്കുന്നത്.