Timely news thodupuzha

logo

ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ നിയന്ത്രിയ്ക്കാൻ ഡോ: പ്രിൻസ് കെ മറ്റം മലേഷ്യയിൽ

തൊടുപുഴ: മലേഷ്യയിലെ സെറമ്പാനിൽ 2025 സെപ്റ്റംബർ 13 നു തുടങ്ങുന്ന അണ്ടർ 16 വനിതാ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ മത്സരങ്ങൾ നിയന്ത്രിയ്ക്കാൻ തൊടുപുഴ മങ്ങാട്ടുകവല സ്വദേശി ഫിബ രാജ്യാന്തര കമ്മീഷണർ ഡോ: പ്രിൻസ് കെ മറ്റം മലേഷ്യയിലേക്ക് തിരിച്ചു. രാജ്യാന്തര ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ അഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 13 മുതൽ 19 വരെ നടക്കുന്ന ഇന്ത്യ ഉൾപ്പെട്ട ഡിവിഷൻ ബി ചാമ്പ്യൻഷിപ്പിലും തുടർന്നു സെപ്റ്റംബർ 22 മുതൽ 28 വരെ നടക്കുന്ന ഡിവിഷൻ എ ചാമ്പ്യൻഷിപ്പിലും കമ്മീഷണർ ആയി അദ്ദേഹം മത്സരങ്ങൾ നിയന്ത്രിക്കും. ഏഷ്യയിലും ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓഷ്യാനിയയിലും നിന്നുള്ള ഏറ്റവും മികച്ച 32 രാജ്യങ്ങളാണ് ഡിവിഷൻ ബി, എ വിഭാഗങ്ങളിലായി ഈ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

2012 മുതൽ ഫിബയുടെ കമ്മീഷണർ ലൈസൻസ് ഉള്ള ഡോ: പ്രിൻസ് 4 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളുടെ ഫൈനൽ മത്സരങ്ങളുൾപ്പെടെ നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ കമ്മീഷണർ ആയി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2017 ലെ ബെംഗളൂരു അണ്ടർ 16 വനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2018 തായ്ലൻഡ് അണ്ടർ 18 പുരുഷ ഏഷ്യൻ ചാംപ്യൻഷിപ്പ്, 2019 ലെ ബെംഗളൂരു സീനിയർ വനിത ഏഷ്യ കപ്പ്, 2022 ലെ ഖത്തർ അണ്ടർ 16 പുരുഷ ഏഷ്യൻ ചാംപ്യൻഷിപ്പ്, 2022 ലെ ഇറാൻ അണ്ടർ 18 പുരുഷ ഏഷ്യൻ ചാംപ്യൻഷിപ്പ്, 2022 ലെ ബെംഗളൂരു അണ്ടർ 18 വനിതാ ഏഷ്യൻ ചാംപ്യൻഷിപ്പ്, 32 മത് കംബോഡിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും 2015 ലെ കേരള ദേശീയ ഗെയിംസ് അടക്കം നിരവധി ദേശീയ ഗെയിംസുകളിലും ദേശീയ ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ ദേശീയ ചാമ്പ്യൻഷിപ്പുകളിലും അദ്ദേഹം കമ്മീഷണർ ആയി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയായ ഡോ: പ്രിൻസ് ഫിബ ലെവൽ 2 ബാസ്കറ്റ്ബോൾ പരിശീലകനും കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. പരിശീലകനെന്ന നിലയിൽ സംസ്ഥാന-യൂണിവേഴ്സിറ്റി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ 5 ഇന്ത്യൻ ക്യാമ്പർമാരും, 125 ഓളം കേരള ജേഴ്സിയണിഞ്ഞ ദേശീയ താരങ്ങളും 60 ഓളം യുണിവേഴ്സിറ്റി താരങ്ങളുമുണ്ട്. മുട്ടം ഷന്തൾ ജ്യോതി പബ്ലിക് സ്കൂളിനൊപ്പം 3 തവണ സി ബി എസ് ഇ ദേശീയ ബാസ്കറ്റ്ബോൾ കിരീടം ചൂടിയിട്ടുള്ള അദ്ദേഹം ഇപ്പോൾ പരിശീലനം നൽകുന്ന വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്കൂളിൽ നിന്ന് നിരവധി ദേശീയ താരങ്ങൾ ഉയർന്നു വരുന്നുണ്ട്.

തൊടുപുഴ മങ്ങാട്ടുകവല മറ്റത്തിൽ എം എ കുരുവിള – വി ജെ ലീല ദമ്പതികളുടെ മകനായ ഡോ: പ്രിൻസ് ആരോഗ്യ വകുപ്പിൽ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ 20 വർഷമായി ഇടുക്കി ജില്ലയിൽ വിവിധ സ്ക്കൂളുകളിലും അക്കാദമികളിലും സൗജന്യമായി ബാസ്കറ്റ്ബോൾ പരിശീലനം നൽകി വരുന്ന ഡോ: പ്രിൻസിന്റെ പരിശീലനത്തിൽ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഇടുക്കി ജില്ല നിരവധി തവണ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.

അൽ അസ്ഹർ ഡെന്റൽ കോളേജിലെ പീഡോഡോണ്ടിക്സ് വിഭാഗം മേധാവിയായ ഡോ: ബിജിമോൾ ജോസാണു ഭാര്യ. 12 ആം ക്ലാസ് വിദ്യാർത്ഥിനി ആമി റോസ് മറ്റം, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജോആൻ മേരി മറ്റം എന്നിവരാണ് മക്കൾ.

Leave a Comment

Your email address will not be published. Required fields are marked *