ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് (ഒക്ടോബര്‍ 17)നാളെ നടക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സരം മുറുക്കുകയാണ്. 137 വര്‍ഷം പഴക്കമുള്ള കോൺഗ്രസ് ചരിത്രത്തില്‍ ഇത് ആറാം തവണയാണ് പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 10 മണി മുതല്‍ 4 മണി വരെയാവും, ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കാത്ത സാഹചര്യത്തില്‍ 24 വര്‍ഷത്തിന് ശേഷം ഗാന്ധിക്കുടുബത്തില്‍ നിന്നല്ലാതെ ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളേജ് ഉള്‍പ്പെടുന്ന 9,000 പിസിസി പ്രതിനിധികളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്നത്. ഗാന്ധി കുടുംബത്തിന്‍റെ അനൗദ്യോഗിക ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഖാര്‍ഗെയെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചപ്പോള്‍, മാറ്റത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി തരൂര്‍ സ്വയം രംഗത്തിറങ്ങുകയായിരുന്നു
രണ്ട് സ്ഥാനാര്‍ത്ഥികളും ഇന്ത്യയിലുടനീളം ശക്തമായ പ്രചാരണമാണ് നടത്തിയത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സോണിയ കോണ്‍ഗ്രസിലെ ഒരു പ്രധാന കണ്ണിയാണെന്നും ഗാന്ധിമാരുടെ മാര്‍ഗനിര്‍ദേശവും ഉപദേശവും കൂടാതെ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ പ്രഖ്യാപിച്ച സംഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല പിസിസി മേധാവികളും മുതിര്‍ന്ന നേതാക്കളും അതാത് സംസ്ഥാനങ്ങളിലെ തന്‍റെ സന്ദര്‍ശന വേളയില്‍ തന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിന്നുതരാറില്ലെന്നും എന്നാല്‍ അവര്‍ ഖാര്‍ഗെയെ സ്വാഗതം ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്തുവെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.