Timely news thodupuzha

logo

വീട്ടുദോഷം മാറാൻ സ്വർണം കൊണ്ട് കുരിശ്: വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ  പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനം വീട്ടിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു.

നിലവില്‍  കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും കയറിയിറങ്ങി വില്പന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണം കൊണ്ട് കുരിശ് പണിതാൽ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി സ്വർണം കൈക്കലാക്കിയത്. പിന്നീട് വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതിനല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. 

ഇവർ കൂടുതൽ ആളുകളെ  ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഈ കേസിൽ ഇവരെകൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, ബിജു, സ്റ്റാൻലി, സി.പി.ഓ മാരായ  നിസ്സാ, ശാരിമോൾ, ജോഷ്, പുന്നൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *