തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം ചെയ്യുന്നവരെല്ലാം തന്‍റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്.അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്.
അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.ചിത്രത്തിലുള്ള മറ്റൊരു വൈദികന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അര്‍ബന്‍ നക്‌സലൈറ്റുകളായും മോദി സര്‍ക്കാര്‍ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വര്‍ഷമായി സിമന്‍റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവര്‍ത്തനമായി പിണറായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നതെ്ന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു.ഒരു അക്രമ സംഭവത്തെയും പ്രതിപക്ഷം പ്രോത്സാഹിപ്പിക്കില്ല. പക്ഷെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയും കസ്റ്റഡിയില്‍ എടുത്തവരെ അന്വേഷിച്ച് ചെന്ന പള്ളിക്കമ്മിറ്റിക്കാരെ അറസ്റ്റ് ചെയ്തും സമരക്കാരെ സര്‍ക്കാരും പൊലീസും മനപൂര്‍വം പ്രകോപിപ്പിച്ചുവെന്നുമാണ് സതീശന്റെ ആരോപണം.